Tuesday, August 2, 2011

വിശ്വാസകാര്യങ്ങള്‍..

ഏക ദൈവ വിശ്വാസമാണ്, പ്രഥമവും മൌലികവുമായ വിശ്വാസം.ഇസ്ലാമിന്‍റെ അടിസ്ഥാനമാണ് ഈ വാക്യം. ഈ സത്യം തിരിച്ചരിയുന്നതിന്റെ പേരിലാണ് ഇഹ-പര ലോകങ്ങളില്‍ മനുഷ്യന്‍റെ വിജയപരാജയങ്ങള്‍ നിശ്ചയിക്കുന്നത്. ദൈവം ഏകനാണ് എന്ന് പറയുന്നത് കൊണ്ട് ഒരു പ്രയോജനവും ഇല്ല, അതിന്‍റെ അര്‍ത്ഥവും, അത് വഴി താന്‍ സമ്മതിക്കുന്ന സംഗതികളുടെ ഗൌരവവും, അതിന്‍റെ ബാധ്യതകളും മനസിലാക്കി പെരുമാറിയാലെ അതിന്‍റെ വിശ്വാസം പൂര്‍ണമാകൂ. 

പ്രപഞ്ചസൃഷ്ടാവ് സ്ഥലകാല പരിധികള്‍ക്കതീതനും, ശാശ്വതനും, ആശ്രയം അവിശ്യമില്ലാത്തവനും, സര്‍വശക്തനും മഹയുക്തിമാനുമായിരിക്കണം. ഈ പറഞ്ഞ ദിവ്യത ഗുണങ്ങളെല്ലാം ഒരു ശക്തിയില്‍ തന്നെ സമ്മേളിച്ചിരിക്കണം. ഇത് രണ്ടസ്ഥിത്വങ്ങള്‍ വീതിചെടുക്കുക അസംഭവ്യമാണ്. രണ്ടു ദൈവം ഉണ്ടെങ്കില്‍, അവര്‍ തമ്മില്‍ സഹകരിക്കുന്നില്ലെങ്കില്‍ ഈ ലോകം തന്നെ നശിക്കാന്‍ നിമിഷങ്ങള്‍ മതി. അങ്ങനെ ഇസ്ലാമിന്റെ കേന്ദ്ര ബിന്ദുവും അച്ചുതണ്ടുമെല്ലാം ഈ വിശ്വാസമാണ്.

മലക്കുകള്‍ അഥവാ മാലാഖമാര്‍, അവയിലുള്ള വിശ്വാസമാണ് രണ്ടാമതായി മുഹമ്മദ്‌ നബി  കല്പിച്ചിരിക്കുന്നത്. അവര്‍ ദൈവ സന്താനങ്ങള്‍ അല്ല.അവര്‍ക്ക് ദിവ്യതത്തില്‍ ഒരു പങ്കുമില്ല. അവരെല്ലാം ദൈവത്തിന്‍റെ അജ്ഞാനുവര്‍ത്തികളാണ്. അവര്‍ ദൈവശാസനയില്‍ നിന്ന് അല്പം പോലും വ്യതിചലിക്കില്ല. അവര്‍ മുഖേനയാണ് ദൈവം പ്രപഞ്ചം ഭരിക്കുന്നത്. അവര്‍ ദൈവത്തിന്‍റെ പ്രത്യേക സൃഷ്ടികളാണ്. പാപങ്ങളില്‍ നിന്ന്  മുക്തരാണ്. സദാ ദൈവാരാധനയില്‍ നിരതരാണവര്‍. അവയെ നിഷേധിക്കാന്‍ യാതൊരു തെളിവും നമുക്ക്  ലഭിച്ചിട്ടില്ല. എന്നാല്‍ വിശ്വസിക്കാന്‍ പ്രവാചകന്‍ പറഞ്ഞിരിക്കുന്നു. പ്രവാചകന്‍ പറഞ്ഞത് അവിശ്വസിച്ചാലത് കുഫ്ര്‍(ദൈവ നിന്ദ) ആണ്.

മൂന്നാമതായി ഉള്ള വിശ്വാസം ദൈവ ഗ്രന്ഥങ്ങളില്‍ ഉള്ള വിശ്വാസമാണ്. ദൈവം മനുഷ്യന് അവിശ്യമായ നിര്‍ദേശങ്ങള്‍ നല്‍കിയത്‌ പ്രവാചകന്‍മാര്‍ വഴി ദൈവഗ്രന്ഥങ്ങളിലൂടെയാണ്. മുഹമ്മദ്‌ നബിക്ക് ഖുറാന്‍ അവതരിച്ച പോലെ, മുന്‍ പ്രവാചകന്മാര്‍ക്കു ഗ്രന്ഥങ്ങള്‍ ഇറക്കിയിരുന്നു. ദൈവത്തിങ്കല്‍ നിന്നും അവതീര്‍ണ്ണമായ എല്ലാ ഗ്രന്ഥത്തിലും സത്യമുണ്ട് എന്ന് നാം വിശ്വസിക്കണം. ഇബ്രാഹിം നബിക്ക് അവതരിച്ച 'സുഫ്ഹു ഇബ്രാഹിം' ഇന്ന് ലോകതെങ്ങുമില്ല. 'തൌറാത്ത്', 'ഇന്‍ജീല്‍', 'സബൂര്‍' എന്നിവ ജൂതന്മാരുടെയും ക്രിസ്ത്യാനികളുടെയും കയ്യിലുണ്ടെങ്കിലും, അവയില്‍ മനുഷ്യന്റെ കൂട്ടിച്ചേര്‍ക്കല്‍ ഉണ്ടായി എന്ന് ഖുറാനില്‍ പറഞ്ഞു തരുന്നു. അത് സത്യമാണെന്ന് അവരും സമ്മതിക്കുന്നു. ലോകത്തിനു അവിശ്യമായ എല്ലാ വസ്തുതകളും ഖുറാനിലുണ്ട്. മറ്റു ഗ്രന്ഥങ്ങളുടെ ഭാഷ ഇന്ന് ലോകത്ത്‌ കാണാന്‍ സാധിക്കില്ല, എന്നാല്‍ ഖുര്‍ആന്‍റെ ഭാഷ ഇന്നും നശിക്കാതെ ലോകത്ത്‌ പല ഭാഗത്തും ഉപയോഗിച്ച് വരുന്നു. ഇത് ഒരു വിഭാഗത്തിന് വേണ്ടി ഇറക്കിയതല്ല, എല്ലാ മനുഷ്യര്‍ക്കുമുള്ള ഗ്രന്ഥമാണ്. 

ഇതര ഗ്രന്ഥങ്ങളില്‍ ഉള്ള വിശ്വാസം വെറും വിശ്വാസം മാത്രമാണ്. അവയെല്ലാം ദൈവത്തിങ്കല്‍ നിന്നുള്ളവയായിരുന്നു എന്ന വിശ്വാസം. അവയുടെ ഉദ്ദേശം വിശുദ്ധ ഖുറാന്റെ അവതരണോദ്ദേശം തന്നെയായിരുന്നു എന്ന വിശ്വാസം. എന്നാല്‍ പരിശുദ്ധ ഖുറാനില്‍ ഉള്ള വിശ്വാസം ഇങ്ങനെയാണ്; അത് സാക്ഷാല്‍ ദിവ വാക്യമാണ്, ആദ്യന്തം സത്യമാണ്, പൂര്‍ണമായും സുരക്ഷിതമാണ്, അതിലെ വിധികള്‍ അനുസരിക്കല്‍ നിര്‍ബന്ധമാണ്, അതിനു വിരുദ്ധമായ സകലതും തള്ളികളയേണ്ടാതാണ്.  

നാലാമതായി ദൈവദൂതന്മാരിലുള്ള വിശ്വാസം. എല്ലാ സമൂഹത്തിലും പ്രബോധന സന്ദേശവുമായി  ദൈവത്തിന്റെ ദൂതന്‍ എത്തിയിരുന്നു. അവരെല്ലാം ഒരേ ഗണത്തില്‍ പെട്ടവരായിരുന്നു എന്നതിനാല്‍ അവരിലൊരാളെ അവിശ്വസിക്കുന്നത് അവരെല്ലാവരെയും നിരാകരിക്കുന്നതിനു തുല്യമാണ്. ഒരു ലക്ഷത്തില്‍ പരം പ്രവാചകന്മാര്‍ ഭൂമിയില്‍ വന്നിട്ടുണ്ട് എന്ന് ചരിത്രം പറയുന്നു. അവരില്‍ ഇരുപത്തിയഞ്ചു പേരുടെ കാര്യം ഖുറാന്‍ എടുത്തു പറഞ്ഞിരിക്കുന്നു. അവരില്‍ വിശ്വസിക്കുക എന്നത് ഒരു മുസ്ലിമിന്റെ കടമയാണ്. മുഹമ്മദ്‌ നബി അവസാനത്തെ പ്രവാചകന്‍ ആണെന്ന് ഖുറാന്‍ പറയുന്നു. അതിനു മുന്‍പ്‌ വന്ന പ്രവാചകന്മാര്‍ ഒരു പ്രത്യേക സമൂഹത്തിനായി നിയോഗിക്കപെട്ടവരായിരുന്നു. എന്നാല്‍ മുഹമ്മദ്‌ നബി മുഴുവന്‍ മനുഷ്യരാശിക്കായി നിയോഗിക്കപെട്ട പ്രവാചകനാണ്. അദ്ദേഹത്തിലൂടെയാണ് പരിപൂര്‍ണവും ശാശ്വതവുമായ ഒരു വ്യവസ്ഥ നല്‍കപെട്ടത്‌. ഒരു മുസ്ലിം മുഹമ്മദ്‌ നബിയെ കുറിച്ച് ഇങ്ങനെ വിശ്വസിക്കണം; അദ്ദേഹം ദൈവത്തിന്റെ യഥാര്‍ത്ഥ പ്രവാചകനാണ്, അദ്ദേഹത്തിന്റെ നിര്‍ദേശങ്ങള്‍ ഏറ്റവും സംബൂര്‍ണമാണ്, അദ്ദേഹം ദൈവത്തിന്റെ അവസാന പ്രവാചകനാണ്.


അഞ്ചാമതായി ഉള്ള വിശ്വാസം പരലോകത്തെ കുറിച്ചുള്ള വിശ്വാസമാണ്. ഒരു ദിവസം ദൈവം സമസ്തലോകങ്ങളെയും അതിലെ മുഴുവന്‍ ശ്രിഷ്ടിജാലങ്ങളെയും നശിപ്പിക്കുന്നതാണ്. പിന്നീട് സകലജനങ്ങള്‍ക്കും രണ്ടാമത് ജീവന്‍ നല്‍കി ദൈവസന്നിതിയില്‍ ഹാജരാക്കും. മനുഷ്യന്‍ ഇഹലോകജീവിതത്തില്‍ ചെയ്ത എല്ലാ കര്‍മങ്ങളുടെയും പൂര്‍ണ രേഖ അന്ന് ദൈവസമക്ഷം സമര്‍പ്പിക്കപെടും. ഓരോ വ്യക്തിയുടെയും നന്മ-തിന്മകളെ തുലനം ചെയ്തു, നന്മ കൂടിയവരെ ദൈവം അനുഗ്രഹിക്കുകയും, തിന്മ കൂടിയവരെ ശിക്ഷിക്കുകയും ചെയ്യും. അനുഗ്രഹിക്കപെട്ടവര്‍ സ്വര്‍ഗത്തിലേക്കും ശിക്ഷിക്കപെട്ടവര്‍ നരകത്തിലേക്കും പോകുന്നതാണ്.


ഈ വിശ്വാസം മനുഷ്യനെ നേര്‍ജീവിതം നയിക്കാന്‍ സഹായിക്കുന്നു. താന്‍ ചെയ്യുന്ന ഓരോ പ്രവര്‍ത്തിയും മറ്റൊരാള്‍ കാണുന്നുണ്ട് എന്ന് വിശ്വസിക്കുന്നയാള്‍ ഒരു തെറ്റ് ചെയ്യുന്നതിന് മുതിരാനുള്ള സാധ്യത കുറവാണ്. തന്റെ ഓരോ പ്രവര്‍ത്തിയും ഒരിക്കല്‍ അളന്നു തെറ്റും ശരിയും നിശ്ചയിക്കും എന്ന് ബോധ്യമുള്ള ഒരാള്‍ തെറ്റ് ചെയ്യാതിരിക്കാന്‍ ശ്രമിക്കും. പരലോകത്തെ നേട്ടങ്ങളെ കുറിച്ച് ബോധ്യമുള്ള ആള്‍, നന്മ ചെയ്യാനും അത് വഴി സ്വര്‍ഗം കരസ്ഥമാക്കാനും മുന്നോട്ടു വരും. ഭൂമിയില്‍ സഹജീവികളോട് സ്നേഹവും അനുകമ്പയും അവനില്‍ ധാരാളം കാണാന്‍ സാധിക്കും. അങ്ങനെ അവന്‍ മനുഷ്യനായി ജീവിക്കും.


ഈ അഞ്ചു കാര്യങ്ങളിലുള്ള വിശ്വാസത്തിലാണ് ഇസ്ലാം നിലകൊള്ളുന്നത്. ദൈവം ഏകനാണ് എന്നും, മുഹമ്മദ്‌ നബി അവന്റെ അവസാന പ്രവാചകനാണ് എന്നും, മലക്കുകളെയും, ദൈവ ഗ്രന്ഥങ്ങളെയും, പരലോകത്തെയും കുറിച്ച് നബി പഠിപ്പിച്ച കാര്യങ്ങളും വിശ്വസിക്കുകയും ചെയ്യുന്നവാനാണ് യഥാര്‍ത്ഥ മുസ്ലിം. ദൈവം നമ്മളെ എല്ലാവരെയും അങ്ങനെ വിശ്വസിച്ചു വിജയിച്ചവരുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തുമാറാകട്ടെ.. 

Sunday, July 31, 2011

ഇസ്ലാം മതം

പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍..

ഇസ്ലാം എന്താണ് എന്നും, അതിന്‍റെ വിശ്വാസപരമായ കാര്യങ്ങളെ കുറിച്ചും വളരെ ലളിതമായ രീതിയില്‍ എങ്ങനെ നോക്കി കാണാം. നമസ്കാരം എന്താണ് എന്നറിയാത്ത ഒരാള്‍ക്ക്, അതിന്‍റെ രീതിയും കര്‍മ്മവും പരിചയപ്പെടുതുന്നതിലും നല്ലത്, അതിന്‍റെ ആവശ്യകതയെ കുറിച്ചും അത് ഉപേക്ഷിച്ചാലുണ്ടാകുന്ന നഷ്ടത്തെ കുറിച്ചും ബോധിപ്പിക്കുന്നതാണ്. ഇസ്ലാമിനെ കുറിച്ച് കുറച്ചു  കാര്യങ്ങള്‍...ഇസ്ലാമിനെ അറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി..

അനുസരണം, കീഴ്വഴക്കം, സമ്പൂര്‍ണ സമര്‍പ്പണം, സമദാനം എന്നിങ്ങനെയാണ് ഇസ്ലാം എന്ന പദത്തിന്‍റെ അര്‍ഥം. ഈ പ്രപഞ്ചത്തിലുള്ള സര്‍വ വസ്തുക്കളും ഒരു നിയമത്തിനു അനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നത്.ആ നിയമത്തില്‍ നിന്നും, വ്യെതിചലിക്കാന്‍  അവക്ക്‌ ആവില്ല. വായു, വെള്ളം, വെളിച്ചം, ഭൂമി, സൂര്യന്‍, വൃക്ഷലതാധികള്‍;   അങ്ങനെ ഈ ലോകത്തുള്ള സര്‍വ വസ്തുക്കളും ആ നിയമം അനുസരിക്കുന്നു. ആ നിയമങ്ങള്‍ മഹാനായ ഒരു പരാശക്തി നിര്‍മിച്ചതാണ്. അതിനര്‍ത്ഥം സമസ്ത ലോകത്തിന്റെയും മതം ഇസ്ലാമാണ്.  പ്രപഞ്ചരക്ഷിതാവിന്‍റെ ആ നിയമങ്ങള്‍ അണുവിട വ്യത്യാസം ഇല്ലാതെ അനുസരിക്കുന്നതിനാല്‍ സര്‍വചരാചരങ്ങളും മുസ്ലിം ആണ്.. 


അതില്‍ നിന്നും വിശേഷബുദ്ധിയാല്‍ അനുഗ്രഹീതനായ മനുഷന്‍ മാത്രമാണ് വ്യത്യസ്തന്‍. മനുഷ്യനെ നമുക്ക് രണ്ടായി തിരിച്ചിരിക്കുന്നു. ഒന്നാമന്‍ തന്‍റെ സൃഷ്ടാവിനെ തിരിച്ചറിയുകയും, അവനെ യജമാനനായി സ്വീകരിക്കുകയും ചെയ്ത മുസ്ലിം ആണ്. എന്നാല്‍, രണ്ടാമത്തെ ആള്‍, മുസ്ലിമായി ജനിച്ചു വളര്‍ന്നു, പക്ഷെ സ്വന്തം ബുദ്ധിയാല്‍ ദൈവത്തെ തിരിച്ചറിയാന്‍ സാധിക്കാത്ത കാഫിര്‍ (ദൈവനിഷേധിയാണ്). അത് അക്രമവും, ധിക്കാരവും, രാജ്യ ദ്രോഹവും, നന്ദികേടുമാണ്.  അതുവഴി അവന്‍ സ്വയം നഷ്ടത്തിനുള്ള സാമഗ്രികള്‍ സ്വയം ഒരുക്കുകയാണ് ചെയ്യുന്നത്. അതവനെ നഷ്ടപെട്ടവനും പരാജിതനും ആക്കി തീര്‍ക്കുന്നു.

എന്നാല്‍ സൃഷ്ടാവിനെ തിരിച്ചറിയുകയും, അവന്‍റെ ഗുണഗണങ്ങള്‍ മനസിലാക്കുകയും ചെയ്ത വ്യക്തിയുടെ സ്വഭാവത്തില്‍ ദൈവഭക്തിയും, സത്യസന്തതയും, സന്മാര്‍ഗദൃഷ്ടിയും ഉണ്ടായിരിക്കും.  സര്‍വ സ്വത്തും ദൈവത്തിന്‍റെതാണെന്നും, ആ അനാമത്തുകള്‍ തനിക്ക്‌ നല്‍കിയിട്ടുള്ള അധികാര സ്വാതന്ത്ര്യം ദൈവഹിതം അനുസരിച്ചു പെരുമാറേണ്ട ഒന്നാണെന്നും, ആ അനാമത്തുകള്‍ ദൈവം ഒരു നാളില്‍ തിരിച്ചു വാങ്ങും എന്നും, അതിന്‍റെ കണക്കുകള്‍ താന്‍ ബോധിപ്പിക്കേണ്ടി വരുമെന്നും അവന്‍ മനസിലാക്കുന്നു. (പടച്ചതംബുരാന്‍ നമ്മെ എല്ലാവരെയും, വിജയിച്ച ആ മുസ്ലിമിന്‍റെ ഗണത്തില്‍ ഉള്‍പെടുത്തുമാറാകട്ടെ..ആമീന്‍).


നന്മ തിനമകളെ തിരിച്ചറിയാന്‍ ഒരു ദൈവ വിശ്വാസിക്ക് വളരെ എളുപ്പത്തില്‍ സാധിക്കും. ജ്ഞാന-കര്‍മ മേഖലകളില്‍ അവന്‍ ശരിയായ വഴിയിലെ സഞ്ചരിക്കൂ.ഈ മനുഷ്യനെക്കാള്‍ ശ്രേഷ്ഠനും മാന്യനുമായ മറ്റൊരാളെ കാണാന്‍ സാധിക്കില്ല. കാരണം അയാളുടെ ശിരസ്സ്‌ ദൈവതിന്റെയല്ലാതെ മറ്റൊരാളുടെ മുന്നിലും കുനിയുന്നില്ല. അയാളുടെ കൈ ദൈവേതരന്മാരുടെ  മുന്‍പിലേക്ക് നീളുന്നില്ല. ഇയാളെക്കാള്‍ ശക്തനായ മറ്റൊരാള്‍ ഉണ്ടാവില്ല, കാരണം ഇയാള്‍ക്ക് ദൈവത്തെ ഒഴിച്ച് മറ്റൊരാളെ ഭയമില്ല.അയാള്‍ വിശ്വാസവഞ്ചന ചെയ്യുകയില്ല. ആ വ്യക്തി ഏറ്റവും ഉത്തമനായ സുഹൃത്ത്‌ ആയിരിക്കും.


അങ്ങനെ ഈ ലോകത്ത്‌ മന്യതയോട് കൂടി ജീവിതം നയിച്ചശേഷം അവന്‍ സ്വനാഥനായ സൃഷ്ടാവിന്റെ തിരുസന്നിധിയില്‍ ഹാജരാവുന്നു. ദൈവം തന്റെ കരുണാകടാക്ഷങ്ങളും സ്നേഹനുഗ്രഹങ്ങളും അവന്റെ മേല്‍ വര്‍ഷിക്കുന്നു. ഇതാകുന്നു ശാശ്വതമായ വിജയം.


ഇതാണ് ഇസ്ലാം-പ്രകൃതി മതം. ഇത് ഒരു സമുദായത്തോടോ, രാജ്യത്തോടോ മാത്രം ബന്ധപെട്ടതല്ല. എല്ലാ കാലത്തും എല്ലാ രാജ്യത്തും, എല്ലാ സമുദായങ്ങളിലും കഴിഞ്ഞു പോയ ദൈവഭക്തരും സത്യസന്ധരുമായ എല്ലാ സത്ജനങ്ങളുടെയും മതമായിരുന്നു. ചിലരുടെ ഭാഷയില്‍ ഇതിന്റെ പേര് ഇസ്ലാം എന്നായിരിക്കാം, മറ്റു പേരിലും അറിയപെട്ടിരിക്കാം. ഏതായാലും അവര്‍ 'മുസ്ലിം'ങ്ങള്‍ തന്നെ ആയിരുന്നു.


കടപ്പാട് : ഇസ്ലാം മതം, അബുല്‍ അആലാ മൌദുദി (1945)