Tuesday, August 2, 2011

വിശ്വാസകാര്യങ്ങള്‍..

ഏക ദൈവ വിശ്വാസമാണ്, പ്രഥമവും മൌലികവുമായ വിശ്വാസം.ഇസ്ലാമിന്‍റെ അടിസ്ഥാനമാണ് ഈ വാക്യം. ഈ സത്യം തിരിച്ചരിയുന്നതിന്റെ പേരിലാണ് ഇഹ-പര ലോകങ്ങളില്‍ മനുഷ്യന്‍റെ വിജയപരാജയങ്ങള്‍ നിശ്ചയിക്കുന്നത്. ദൈവം ഏകനാണ് എന്ന് പറയുന്നത് കൊണ്ട് ഒരു പ്രയോജനവും ഇല്ല, അതിന്‍റെ അര്‍ത്ഥവും, അത് വഴി താന്‍ സമ്മതിക്കുന്ന സംഗതികളുടെ ഗൌരവവും, അതിന്‍റെ ബാധ്യതകളും മനസിലാക്കി പെരുമാറിയാലെ അതിന്‍റെ വിശ്വാസം പൂര്‍ണമാകൂ. 

പ്രപഞ്ചസൃഷ്ടാവ് സ്ഥലകാല പരിധികള്‍ക്കതീതനും, ശാശ്വതനും, ആശ്രയം അവിശ്യമില്ലാത്തവനും, സര്‍വശക്തനും മഹയുക്തിമാനുമായിരിക്കണം. ഈ പറഞ്ഞ ദിവ്യത ഗുണങ്ങളെല്ലാം ഒരു ശക്തിയില്‍ തന്നെ സമ്മേളിച്ചിരിക്കണം. ഇത് രണ്ടസ്ഥിത്വങ്ങള്‍ വീതിചെടുക്കുക അസംഭവ്യമാണ്. രണ്ടു ദൈവം ഉണ്ടെങ്കില്‍, അവര്‍ തമ്മില്‍ സഹകരിക്കുന്നില്ലെങ്കില്‍ ഈ ലോകം തന്നെ നശിക്കാന്‍ നിമിഷങ്ങള്‍ മതി. അങ്ങനെ ഇസ്ലാമിന്റെ കേന്ദ്ര ബിന്ദുവും അച്ചുതണ്ടുമെല്ലാം ഈ വിശ്വാസമാണ്.

മലക്കുകള്‍ അഥവാ മാലാഖമാര്‍, അവയിലുള്ള വിശ്വാസമാണ് രണ്ടാമതായി മുഹമ്മദ്‌ നബി  കല്പിച്ചിരിക്കുന്നത്. അവര്‍ ദൈവ സന്താനങ്ങള്‍ അല്ല.അവര്‍ക്ക് ദിവ്യതത്തില്‍ ഒരു പങ്കുമില്ല. അവരെല്ലാം ദൈവത്തിന്‍റെ അജ്ഞാനുവര്‍ത്തികളാണ്. അവര്‍ ദൈവശാസനയില്‍ നിന്ന് അല്പം പോലും വ്യതിചലിക്കില്ല. അവര്‍ മുഖേനയാണ് ദൈവം പ്രപഞ്ചം ഭരിക്കുന്നത്. അവര്‍ ദൈവത്തിന്‍റെ പ്രത്യേക സൃഷ്ടികളാണ്. പാപങ്ങളില്‍ നിന്ന്  മുക്തരാണ്. സദാ ദൈവാരാധനയില്‍ നിരതരാണവര്‍. അവയെ നിഷേധിക്കാന്‍ യാതൊരു തെളിവും നമുക്ക്  ലഭിച്ചിട്ടില്ല. എന്നാല്‍ വിശ്വസിക്കാന്‍ പ്രവാചകന്‍ പറഞ്ഞിരിക്കുന്നു. പ്രവാചകന്‍ പറഞ്ഞത് അവിശ്വസിച്ചാലത് കുഫ്ര്‍(ദൈവ നിന്ദ) ആണ്.

മൂന്നാമതായി ഉള്ള വിശ്വാസം ദൈവ ഗ്രന്ഥങ്ങളില്‍ ഉള്ള വിശ്വാസമാണ്. ദൈവം മനുഷ്യന് അവിശ്യമായ നിര്‍ദേശങ്ങള്‍ നല്‍കിയത്‌ പ്രവാചകന്‍മാര്‍ വഴി ദൈവഗ്രന്ഥങ്ങളിലൂടെയാണ്. മുഹമ്മദ്‌ നബിക്ക് ഖുറാന്‍ അവതരിച്ച പോലെ, മുന്‍ പ്രവാചകന്മാര്‍ക്കു ഗ്രന്ഥങ്ങള്‍ ഇറക്കിയിരുന്നു. ദൈവത്തിങ്കല്‍ നിന്നും അവതീര്‍ണ്ണമായ എല്ലാ ഗ്രന്ഥത്തിലും സത്യമുണ്ട് എന്ന് നാം വിശ്വസിക്കണം. ഇബ്രാഹിം നബിക്ക് അവതരിച്ച 'സുഫ്ഹു ഇബ്രാഹിം' ഇന്ന് ലോകതെങ്ങുമില്ല. 'തൌറാത്ത്', 'ഇന്‍ജീല്‍', 'സബൂര്‍' എന്നിവ ജൂതന്മാരുടെയും ക്രിസ്ത്യാനികളുടെയും കയ്യിലുണ്ടെങ്കിലും, അവയില്‍ മനുഷ്യന്റെ കൂട്ടിച്ചേര്‍ക്കല്‍ ഉണ്ടായി എന്ന് ഖുറാനില്‍ പറഞ്ഞു തരുന്നു. അത് സത്യമാണെന്ന് അവരും സമ്മതിക്കുന്നു. ലോകത്തിനു അവിശ്യമായ എല്ലാ വസ്തുതകളും ഖുറാനിലുണ്ട്. മറ്റു ഗ്രന്ഥങ്ങളുടെ ഭാഷ ഇന്ന് ലോകത്ത്‌ കാണാന്‍ സാധിക്കില്ല, എന്നാല്‍ ഖുര്‍ആന്‍റെ ഭാഷ ഇന്നും നശിക്കാതെ ലോകത്ത്‌ പല ഭാഗത്തും ഉപയോഗിച്ച് വരുന്നു. ഇത് ഒരു വിഭാഗത്തിന് വേണ്ടി ഇറക്കിയതല്ല, എല്ലാ മനുഷ്യര്‍ക്കുമുള്ള ഗ്രന്ഥമാണ്. 

ഇതര ഗ്രന്ഥങ്ങളില്‍ ഉള്ള വിശ്വാസം വെറും വിശ്വാസം മാത്രമാണ്. അവയെല്ലാം ദൈവത്തിങ്കല്‍ നിന്നുള്ളവയായിരുന്നു എന്ന വിശ്വാസം. അവയുടെ ഉദ്ദേശം വിശുദ്ധ ഖുറാന്റെ അവതരണോദ്ദേശം തന്നെയായിരുന്നു എന്ന വിശ്വാസം. എന്നാല്‍ പരിശുദ്ധ ഖുറാനില്‍ ഉള്ള വിശ്വാസം ഇങ്ങനെയാണ്; അത് സാക്ഷാല്‍ ദിവ വാക്യമാണ്, ആദ്യന്തം സത്യമാണ്, പൂര്‍ണമായും സുരക്ഷിതമാണ്, അതിലെ വിധികള്‍ അനുസരിക്കല്‍ നിര്‍ബന്ധമാണ്, അതിനു വിരുദ്ധമായ സകലതും തള്ളികളയേണ്ടാതാണ്.  

നാലാമതായി ദൈവദൂതന്മാരിലുള്ള വിശ്വാസം. എല്ലാ സമൂഹത്തിലും പ്രബോധന സന്ദേശവുമായി  ദൈവത്തിന്റെ ദൂതന്‍ എത്തിയിരുന്നു. അവരെല്ലാം ഒരേ ഗണത്തില്‍ പെട്ടവരായിരുന്നു എന്നതിനാല്‍ അവരിലൊരാളെ അവിശ്വസിക്കുന്നത് അവരെല്ലാവരെയും നിരാകരിക്കുന്നതിനു തുല്യമാണ്. ഒരു ലക്ഷത്തില്‍ പരം പ്രവാചകന്മാര്‍ ഭൂമിയില്‍ വന്നിട്ടുണ്ട് എന്ന് ചരിത്രം പറയുന്നു. അവരില്‍ ഇരുപത്തിയഞ്ചു പേരുടെ കാര്യം ഖുറാന്‍ എടുത്തു പറഞ്ഞിരിക്കുന്നു. അവരില്‍ വിശ്വസിക്കുക എന്നത് ഒരു മുസ്ലിമിന്റെ കടമയാണ്. മുഹമ്മദ്‌ നബി അവസാനത്തെ പ്രവാചകന്‍ ആണെന്ന് ഖുറാന്‍ പറയുന്നു. അതിനു മുന്‍പ്‌ വന്ന പ്രവാചകന്മാര്‍ ഒരു പ്രത്യേക സമൂഹത്തിനായി നിയോഗിക്കപെട്ടവരായിരുന്നു. എന്നാല്‍ മുഹമ്മദ്‌ നബി മുഴുവന്‍ മനുഷ്യരാശിക്കായി നിയോഗിക്കപെട്ട പ്രവാചകനാണ്. അദ്ദേഹത്തിലൂടെയാണ് പരിപൂര്‍ണവും ശാശ്വതവുമായ ഒരു വ്യവസ്ഥ നല്‍കപെട്ടത്‌. ഒരു മുസ്ലിം മുഹമ്മദ്‌ നബിയെ കുറിച്ച് ഇങ്ങനെ വിശ്വസിക്കണം; അദ്ദേഹം ദൈവത്തിന്റെ യഥാര്‍ത്ഥ പ്രവാചകനാണ്, അദ്ദേഹത്തിന്റെ നിര്‍ദേശങ്ങള്‍ ഏറ്റവും സംബൂര്‍ണമാണ്, അദ്ദേഹം ദൈവത്തിന്റെ അവസാന പ്രവാചകനാണ്.


അഞ്ചാമതായി ഉള്ള വിശ്വാസം പരലോകത്തെ കുറിച്ചുള്ള വിശ്വാസമാണ്. ഒരു ദിവസം ദൈവം സമസ്തലോകങ്ങളെയും അതിലെ മുഴുവന്‍ ശ്രിഷ്ടിജാലങ്ങളെയും നശിപ്പിക്കുന്നതാണ്. പിന്നീട് സകലജനങ്ങള്‍ക്കും രണ്ടാമത് ജീവന്‍ നല്‍കി ദൈവസന്നിതിയില്‍ ഹാജരാക്കും. മനുഷ്യന്‍ ഇഹലോകജീവിതത്തില്‍ ചെയ്ത എല്ലാ കര്‍മങ്ങളുടെയും പൂര്‍ണ രേഖ അന്ന് ദൈവസമക്ഷം സമര്‍പ്പിക്കപെടും. ഓരോ വ്യക്തിയുടെയും നന്മ-തിന്മകളെ തുലനം ചെയ്തു, നന്മ കൂടിയവരെ ദൈവം അനുഗ്രഹിക്കുകയും, തിന്മ കൂടിയവരെ ശിക്ഷിക്കുകയും ചെയ്യും. അനുഗ്രഹിക്കപെട്ടവര്‍ സ്വര്‍ഗത്തിലേക്കും ശിക്ഷിക്കപെട്ടവര്‍ നരകത്തിലേക്കും പോകുന്നതാണ്.


ഈ വിശ്വാസം മനുഷ്യനെ നേര്‍ജീവിതം നയിക്കാന്‍ സഹായിക്കുന്നു. താന്‍ ചെയ്യുന്ന ഓരോ പ്രവര്‍ത്തിയും മറ്റൊരാള്‍ കാണുന്നുണ്ട് എന്ന് വിശ്വസിക്കുന്നയാള്‍ ഒരു തെറ്റ് ചെയ്യുന്നതിന് മുതിരാനുള്ള സാധ്യത കുറവാണ്. തന്റെ ഓരോ പ്രവര്‍ത്തിയും ഒരിക്കല്‍ അളന്നു തെറ്റും ശരിയും നിശ്ചയിക്കും എന്ന് ബോധ്യമുള്ള ഒരാള്‍ തെറ്റ് ചെയ്യാതിരിക്കാന്‍ ശ്രമിക്കും. പരലോകത്തെ നേട്ടങ്ങളെ കുറിച്ച് ബോധ്യമുള്ള ആള്‍, നന്മ ചെയ്യാനും അത് വഴി സ്വര്‍ഗം കരസ്ഥമാക്കാനും മുന്നോട്ടു വരും. ഭൂമിയില്‍ സഹജീവികളോട് സ്നേഹവും അനുകമ്പയും അവനില്‍ ധാരാളം കാണാന്‍ സാധിക്കും. അങ്ങനെ അവന്‍ മനുഷ്യനായി ജീവിക്കും.


ഈ അഞ്ചു കാര്യങ്ങളിലുള്ള വിശ്വാസത്തിലാണ് ഇസ്ലാം നിലകൊള്ളുന്നത്. ദൈവം ഏകനാണ് എന്നും, മുഹമ്മദ്‌ നബി അവന്റെ അവസാന പ്രവാചകനാണ് എന്നും, മലക്കുകളെയും, ദൈവ ഗ്രന്ഥങ്ങളെയും, പരലോകത്തെയും കുറിച്ച് നബി പഠിപ്പിച്ച കാര്യങ്ങളും വിശ്വസിക്കുകയും ചെയ്യുന്നവാനാണ് യഥാര്‍ത്ഥ മുസ്ലിം. ദൈവം നമ്മളെ എല്ലാവരെയും അങ്ങനെ വിശ്വസിച്ചു വിജയിച്ചവരുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തുമാറാകട്ടെ..